കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശി മുങ്ങിമരിച്ചു
Sunday, March 30, 2025 9:30 AM IST
പാലക്കാട്: ചിറ്റൂരിൽ കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശി മുങ്ങിമരിച്ചു. നായ ആക്രമിക്കാൻ വരുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് കുട്ടി കുളത്തിൽ വീണത്.
വണ്ടിത്താവളം വടതോട് നബീസയാണ് (55) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ആടിനെ മേയ്ക്കാൻ വണ്ടിത്താവളം വടതോട് കുളത്തിനടുത്തെത്തിയതായിരുന്നു നബീസ. അപ്പോൾ പേരക്കുട്ടി ഷിഫാനയുടെ നേർക്ക് ഒരു നായ ഓടിയെത്തി.
നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടി കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നബീസ കുളത്തിൽ അകപ്പെടുകയായിരുന്നു. പിന്നീട് നബീസയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊച്ചുമകൾ ഷിഫാന ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.