പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസം സൃഷ്ടിച്ച യുവാവിനെതിരെ കേസ്
Sunday, March 30, 2025 8:35 AM IST
തൃശൂർ: പ്രിയങ്ക ഗാന്ധി എംപിയുടെ വാഹന വ്യൂഹത്തിന് തടസം സൃഷ്ടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. തൃശൂർ എളനാട് സ്വദേശി അനീഷ് എബ്രഹാമാണ് വാഹനവ്യൂഹത്തിനിടെ കാർ കയറ്റി തടസമുണ്ടാക്കിയത്.
വണ്ടൂരില്‍നിന്ന് നെടുമ്പാശേരിയിലേക്ക് പോവുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഇതിനിടയിലാണ് യുവാവ് വഹനവ്യൂഹത്തെ തടസപ്പെടുത്തിയത്. പോലീസ് ഇടപെട്ട് വാഹനം മാറ്റിയപ്പോൾ യുവാവ് പോലീസിനു നേരെ തട്ടിക്കയറുകയും ചെയ്തു.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. വാഹന വ്യൂഹത്തിനു തടസം സൃഷ്ടിച്ചതിന് അനീഷിനെതിരെ മണ്ണുത്തി പോലീസ് കേസെടുത്തു. വാഹന വ്യൂഹത്തിന് അപകടം ഉണ്ടാക്കാൻ ശ്രമിച്ചു, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
അതേസമയം തങ്ങള്‍ക്കും വണ്ടി ഓടിക്കേണ്ടയെന്നും താന്‍ ആരെയും ഒന്നും ചെയ്തില്ലെന്നും യുവാവ് പോലീസിനോട് പറയുന്നുണ്ട്. താന്‍ വലിയ വ്ലോഗര്‍ ആണെന്നും നാല് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടെന്നും തന്റെ വാഹനം തടസപ്പെടുത്തിയ പോലീസിന്റെ നടപടി ചിത്രീകരിച്ച് പ്രചരിപ്പിക്കുമെന്നും യുവാവ് പോലീസിനോട് പറയുന്നുണ്ട്.
സംഭവത്തിനു ശേഷം അനീഷിന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പോലീസ് അനീഷിന് വിട്ടയച്ചിരുന്നു. ഇന്ന് വാഹനത്തിന്റെ രേഖകളുമായി ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.