ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ
Sunday, March 30, 2025 7:18 AM IST
റിയാദ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. ഒമാനിൽ തിങ്കളാഴ്ച പെരുന്നാൾ ആഘോഷിക്കും. സൗദിയിൽ ശനിയാഴ്ച ശവ്വാൽ മാസപ്പിറ കണ്ടതോടെ ഇന്ന് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതിയാണ് പ്രഖ്യാപിച്ചത്.
ഇതോടെ ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാളായി പ്രഖ്യാപിച്ചു. ഒമാനിൽ ശനിയാഴ്ച മാസപ്പിറ കാണാത്തതിനാൽ ഇന്ന് റമദാൻ 30 പൂർത്തിയാക്കും. തിങ്കളാഴ്ചയാണ് ഒമാനിൽ ചെറിയ പെരുന്നാൾ.
പെരുന്നാൾ നമസ്കാരത്തിനായി സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമുള്ള പള്ളികളും ഈദ് ഗാഹുകളും ഒരുങ്ങി. സൗദിയിൽ മാത്രം നാലായിരത്തോളം ഈദ് ഗാഹുകൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം സ്ഥലങ്ങളിലാണ് പെരുന്നാൾ നമസ്കാരം നടക്കുന്നത്.
മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും.