ഐപിഎൽ; മുംബൈ ഇന്ത്യൻസിനെതിരേ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം
Saturday, March 29, 2025 11:46 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരേ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. 36 റൺസിന്റെ ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ഉയർത്തിയ 197 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുക്കാനേ സാധിച്ചുള്ളു.
തിലക് വർമയ്ക്കും സൂര്യകുമാർ യാദവിനും മാത്രമാണ് മുംബൈക്കായി തിളങ്ങാനായത്. 28 പന്തിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 48 റൺസ് എടുത്ത സൂര്യകുമാർ യാദവ് ആണ് മുംബൈയുടെ ടോപ് സ്കോറർ. തിലക് വർമ 36 പന്തിൽ 39 റൺസും എടുത്തു.
ഗുജറാത്തിനായി മൊഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. കാഗിസോ റബാഡ, രവി ശ്രീനിവാസ സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.
നേരത്തെ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് അടിച്ചെടുത്തത്. സായ് സുദർശന്റെ അർധ സെഞ്ചുറിയുടെ മികവിലാണ് ഗുജറാത്ത് മികച്ച സ്കോർ പടുത്തുയർത്തിയത്.
സായ് സുദർശൻ 41 പന്തിൽ 63 റൺസ് എടുത്ത് ഗുജറാത്തിന്റെ ടോപ് സ്കോററായി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും ജോസ് ബട്ലറിന്റെയും ഇന്നിംഗ്സുകളും ഗുജറാത്തിന് മികച്ച നിലയിൽ എത്താൻ കരുത്തേകി.
ശുഭ്മാൻ ഗിൽ 27 പന്തിൽ 38 റൺസും ജോസ് ബട്ലർ 24 പന്തിൽ 39 റൺസും ഷെർഫെയ്ൻ റൂതർഫോർഡ് 11 പന്തിൽ 18 റൺസും എടുത്താണ് ഗുജറാത്തിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
ഇന്നത്തെ ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ഒമ്പതാം സ്ഥാനത്താണ്.