മുഖ്യമന്ത്രിയും കുടുംബവും എമ്പുരാൻ കാണാനെത്തി
Saturday, March 29, 2025 9:28 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എമ്പുരാൻ കാണാനെത്തി. തിരുവനന്തപുരം ലുലു മാളിലെ പിവിആറിൽ ആണ് മുഖ്യമന്ത്രി സിനിമ കാണാൻ എത്തിയത്. ചിത്രത്തെ സംബന്ധിച്ച് വിവാദം പുകയുന്നതിനിടെയാണ് മുഖ്യമന്ത്രി സിനിമ കാണാൻ എത്തിയത്.
അതേസമയം വിമർശനങ്ങൾ ശക്തമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്ത എന്പുരാനിൽ മാറ്റങ്ങൾ വരുത്തുന്നതായി വിവരമുണ്ട്. വിമര്‍ശനത്തിനിടയായ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുക. നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായിട്ടുണ്ട്. വ്യാഴാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.
പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിന്റെ പേരും മാറ്റുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് റീ സെൻസറിംഗ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം.
ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘ മുഖപത്രമായ ഓര്‍ഗനൈസര്‍ തന്നെ സിനിമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെയാണ് ചിത്രത്തില്‍ മാറ്റം വരുത്തുന്നത്.