നിമിഷപ്രിയയുടെ വധശിക്ഷ; ഇതുവരെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ
Saturday, March 29, 2025 8:20 PM IST
സാന: യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടുന്ന യെമനിലുള്ള സാമുവൽ ജെറോമിനെ ജയിൽ അധികൃതർ ഇക്കാര്യം അറിയിച്ചു.
എന്നാൽ വധശിക്ഷ നടപ്പാക്കാനുള്ള തീയതി നിശ്ചയിച്ചെന്ന് നിമിഷ പ്രിയയുടെ സന്ദേശം വന്നിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന് ഇടപാളിനാണ് ഓഡിയോ സന്ദേശം ലഭിച്ചത്.
വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് വനിതാ അഭിഭാഷകയാണ് നിമിഷ പ്രിയയെ അറിയിച്ചത്. നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയാറാണെന്ന് ഇറാന് അറിയിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറാന് വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്.
വധശിക്ഷയില്‍ ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്നായിരുന്നു നേരത്തേ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. നിലവില്‍ യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. 2017ലാണ് യമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്.
ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇയാൾ ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും പരാജയപ്പെട്ടിരുന്നു.