മ്യാൻമർ ഭൂചലനം; രക്ഷാപ്രവർത്തനത്തിന് ഇന്ത്യയിൽനിന്ന് 80 അംഗ എൻഡിആർഎഫ് സംഘം ഉടൻ പുറപ്പെടും
Saturday, March 29, 2025 6:49 PM IST
ന്യൂഡൽഹി: ഭൂകമ്പം തകർത്ത മ്യാൻമറിലേക്ക് ഇന്ത്യ രണ്ട് വിമാനങ്ങൾ കൂടി അയക്കും. രക്ഷാപ്രവർത്തനത്തിനും തെരച്ചിലിനും സഹായം നൽകുന്നതിനായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സംഘത്തെ ഇന്ന് ഇന്ത്യയിൽ നിന്ന് അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഉടൻ തന്നെ അവർ മ്യാൻമറിലേക്ക് പുറപ്പെടും. രക്ഷാപ്രവർത്തനത്തിനും തെരച്ചിലിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും സംഘം കൊണ്ടുപോകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
നാല് നാവിക സേന കപ്പലുകളും മ്യാൻമറിലേക്ക് അയക്കും. ഓപ്പറേഷൻ ബ്രഹ്മ എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. അതേസമയം മ്യാൻമറിലെ പതിനായിരത്തോളം ഇന്ത്യക്കാർ സുരക്ഷിതരാണെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ 1002 പേരുടെ മൃതദേഹം കണ്ടെടുത്തു. 2000-ത്തോളം പേര് പരിക്കേറ്റ് ചികിത്സയിലുണ്ട്.
തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുള്ള പല സ്ഥലത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും എത്താനായിട്ടില്ല. ഭൂകന്പം രാജ്യത്ത് കനത്ത നാശനാഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. പാലങ്ങളും ബഹുനില കെട്ടിടങ്ങളും അടക്കം തകർന്നുതരിപ്പണമായി.
മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം. 1200 ബഹുനില കെട്ടിടങ്ങളാണ് ഇവിടെ മാത്രം തകര്‍ന്നിട്ടുള്ളത്. ഭൂകന്പത്തിൽ ഏറ്റവും കുറഞ്ഞത് 10000 പേര്‍ക്കെങ്കിലും ജീവന് നഷ്ടമായിട്ടുണ്ടാകാമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ വിലയിരുത്തൽ.
മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.