ഉത്തരപേപ്പറുകൾ നഷ്ടപ്പെട്ട സംഭവം; കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ആർ.ബിന്ദു
Saturday, March 29, 2025 2:16 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ ഉത്തരപേപ്പറുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദു.
ഉത്തരപേപ്പറുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കും. അട്ടിമറി സാധ്യത സംശയിക്കുന്നുണ്ട്. സമഗ്രമായ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ടുണ്ടെന്നും നടന്നത് കൃത്യവിലോപമെന്നും മന്ത്രി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.
കേരളത്തിലെ സർവകലാശാലകൾ മികച്ചു നിൽക്കുന്ന സന്നർഭത്തിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർവകലാശാലയുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല. വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തര പേപ്പര്‍ നഷ്ടമായ സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കേരള സർവകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.
മൂല്യനിർണയത്തിനായി കൊടുത്തയച്ച 71 ഉത്തരക്കടലാസുകൾ അധ്യാപകന്റെ പക്കൽ നിന്നാണ് നഷ്ടപ്പെട്ടത്. മൂല്യനിർണയം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. ഈ വിദ്യാർഥികൾ പുനപരീക്ഷ എഴുതണമെന്നാണ് സർവകലാശാലയുടെ നിർദേശം.