എഡിഎമ്മിന്റെ മരണം; പി.പി.ദിവ്യ ഏകപ്രതി; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
Saturday, March 29, 2025 12:12 PM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യയാണ് ഏക പ്രതി.
കണ്ണൂര്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. യാത്രയയപ്പ് പരിപാടിയില്‍ പി.പി.ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കുന്നതിലേക്ക് നയിച്ചത്. ക്ഷണിക്കാതെയാണ് ദിവ്യ യാത്രയയപ്പ് പരിപാടിക്ക് എത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ല. പ്രശാന്തിന്റേത് ആരോപണം മാത്രമാണെന്നും കുറ്റപത്രത്തിലുണ്ട്.
കേസിൽ 166 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളായി 400ൽ അധികം പേജുകളുള്ളതാണ് കുറ്റപത്രം. നവീന്‍ ബാബുവിന്റെ ഭാര്യയുടെയും മക്കളുടെയും അടക്കം 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.