ഛത്തീസ്ഗഢിൽ സുരക്ഷാസേന 16 മാവോയിസ്റ്റുകളെ വധിച്ചു
Saturday, March 29, 2025 11:40 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ സുക്മയിൽ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
സംയുക്ത സുരക്ഷാ സംഘവും മാവോയിസ്റ്റുകളും കേർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടിയത്. കേർലാപാൽ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഓപ്പറേഷനിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നീ ഫോഴ്സുകളാണ് പങ്കെടുത്തത്.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഇതുവരെ 16 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും ഓപ്പറേഷൻ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.