തൃശൂരിൽ ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതി അമ്മയെ ക്രൂരമായി മർദിച്ചു
Saturday, March 29, 2025 11:12 AM IST
തൃശൂർ: മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു. തൃശൂർ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ കൊണ്ടയൂരിലാണ് സംഭവം. പതിപറമ്പിൽ വീട്ടിൽ ശാന്തയ്ക്കാണ്(70 ) പരിക്കേറ്റത്. ഇവരുടെ മകൻ സുരേഷിനെ(41) പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയശേഷം ഇയാളുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്നാണ് ഒരു രാത്രിമുഴുവൻ ശീമക്കൊന്നയുടെ വടികൊണ്ട് ശാന്തയെ അടിച്ചുപരിക്കേൽപ്പിച്ചത്. രാവിലെ നാട്ടുക്കാരെത്തി നോക്കുമ്പോഴാണ് ശാന്തയെ പരിക്കേറ്റതായി കണ്ടെത്തിയത്. അടിയേറ്റ് എല്ലുകൾക്കുൾപ്പെടെ ഗുരുതരമായി പൊട്ടലേറ്റ ശാന്ത തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം പിടിയിലായ സുരേഷ് നേരത്തേ സഹോദരനെ സമാനമായ രീതിയിൽ അടിച്ചുകൊന്ന കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 2023 ൽ അമ്മയെ നോക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായതോടെ മദ്യലഹരിയിലായിരുന്ന സുരേഷ് സഹോദരനെ ക്രൂരമായി മർദിക്കുകയായിരുന്നു.
രാവിലെ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെട്ടു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സുരേഷ് അമ്മയെയും ശീമക്കൊന്നയുടെ കമ്പുകൊണ്ട് മർദിച്ചത്.