കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായ സംഭവം; വിസി അടിയന്തരയോഗം വിളിച്ചു
Saturday, March 29, 2025 9:58 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടമായ സംഭവത്തിൽ അടിയന്തരയോഗം വിളിച്ച് വിസി ഡോ.മോഹൻ കുന്നുമ്മൽ. ചൊവ്വാഴ്ചയാണ് യോഗം ചേരുക. ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് വിസി നിര്‍ദേശം നല്കി.
സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വിസി പറഞ്ഞു. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വീഴ്ചകളും പരിശോധിക്കും. കുട്ടികള്‍ക്ക് പ്രയാസം ഉണ്ടാകാത്ത രീതിയില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും വിസി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച ഉണ്ടായ കാര്യം പുറത്തുവന്നത്. 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസാണ് അധ്യാപകന്റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടത്.
മൂല്യനിര്‍ണയത്തിനിടെയാണ് ഉത്തരക്കടലാസുകള്‍ കളഞ്ഞുപോയത്. പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷയുടെ ഉത്തര കടലാസ് ആണ് നഷ്ടമായത്. ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചു.
അഞ്ച് കോളജുകളിലെ ഉത്തരകടലാസുകളാണ് നഷ്ടപ്പെട്ടത്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ പലരും വിദേശത്താണ്.
2024 മേയ് മാസത്തില്‍ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഏഴാം തീയതി സ്പെഷ്യല്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് പലര്‍ക്കും ഇ-മെയില്‍ ലഭിച്ചിട്ടുണ്ട്.