വണ്ടിപ്പെരിയാറിൽ വീണ്ടും പുലി; തേയിലച്ചെടികൾക്കിടയിൽ കിടക്കുന്ന ദൃശ്യം പുറത്ത്
Saturday, March 29, 2025 9:32 AM IST
ഇടുക്കി: വണ്ടിപ്പെരിയാർ ഡൈമുക്കിൽ വീണ്ടും പുലിയിറങ്ങി. ജനവാസ മേഖലയായ എസ്ടി നഗറിൽ തേയിലച്ചെടികൾക്കിടയിലാണ് പുലിയെ കണ്ടത്. ഒരാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് പ്രദേശത്ത് പുലിയെ കാണുന്നത്.
ചൊവ്വാഴ്ചയാണ് പ്രദേശത്ത് ആദ്യമായി പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. തൊട്ടടുത്ത ദിവസവും നാട്ടുകാർ പുലിയെ കാണുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വനംവകുപ്പ് പ്രദേശത്ത് രണ്ടു കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വീണ്ടും പുലിയെ കണ്ടെത്തിയ സാഹചര്യത്തിൽ രണ്ടു കാമറകൾ കൂടി സ്ഥാപിക്കാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പുലിയെ കൂട് വച്ച് പിടികൂടി വനത്തിൽ വിടാനാണ് തീരുമാനം.