സെഞ്ചുറിയുമായി ചാപ്മാൻ; ന്യൂസിലൻഡിന് വന്പൻ സ്കോർ
Saturday, March 29, 2025 8:07 AM IST
നാപിയർ: പാക്കിസ്ഥാനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് വന്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് എടുത്തത്.
സെഞ്ചുറി നേടിയ മാർക് ചാപ്മാന്റെയും അർധ സെഞ്ചുറി നേടിയ ഡാരൽ മിച്ചല്ലിന്റെയും മുഹമ്മദ് അബ്ബാസിന്റെയും മികവിലാണ് കിവീസ് കൂറ്റൻ സ്കോർ എടുത്തത്. ചാപ്മാൻ 132 റൺസ് എടുത്തു. 113 പന്തിൽ 13 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ചാപ്മാന്റെ ഇന്നിംഗ്സ്.
മിച്ചൽ 76 റൺസും അബ്ബാസ് 52 റൺസും എടുത്തു. ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 50 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട കിവീസിനെ പിന്നീട് ഒത്തുച്ചേർന്ന ചാപ്മാൻ-മിച്ചൽ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 199 റൺസാണ് കൂട്ടിച്ചേർത്തത്.
സ്കോർ 249ൽ നിൽക്കെ മിച്ചൽ പുറത്തായെങ്കിലും ചാപ്മാൻ കിവീസിനെ മികച്ച സ്കോറിലെത്തിച്ചു. അവസാന ഓവറുകളിൽ വെടിക്കെറ്റ് ബാറ്റിംഗ് പുറത്തെടുത്ത മുഹമ്മദ് അബ്ബാസാണ് ന്യൂസിലൻഡിന്റെ സ്കോർ 340 കടത്തിയത്.
പാക്കിസ്ഥാന് വേണ്ടി ഇർഫാൻ ഖാൻ മൂന്ന് വിക്കറ്റെടുത്തു. ഹാരിസ് റൗഫും അകിഫ് ജാവേദും രണ്ട് വിക്കറ്റ് വീതവും നസീം ഷായും മുഹമ്മദ് അലിയും ഒരു വിക്കറ്റും എടുത്തു.