വാഹനപരിശോധനയ്ക്കിടെ സിവിൽ പോലീസുകാരനെ ഇടിച്ചിട്ടു; ഗുരുതരപരിക്ക്
Saturday, March 29, 2025 2:24 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ സിവിൽ പോലീസുകാരനെ ബൈക്കിടിച്ചശേഷം പ്രതി കടന്നു കളഞ്ഞു. വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒ രാകേഷിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 8.25 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ മറ്റൊരു വാഹനം പരിശോധിക്കുന്നതിനിടയിൽ എത്തിയ ബൈക്കിന് കൈ കാണിച്ചുവെങ്കിലും രണ്ടു പോലീസുകാരെ വെട്ടിച്ച് അമിതവേഗതയിലെത്തിയ ബൈക്ക് രാകേഷിനെ ഇടിച്ചുതെറിപ്പിച്ച് കടന്നു കളയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇടുപ്പ് ഭാഗത്ത് ഗുരുതര പരിക്കേൽക്കുകയും കൈയിൽ മുറിവേൽക്കുകയും ചെയ്തു. ഉടൻ തന്നെ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂക്ഷ നൽകിയശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇടിച്ചിട്ട വാഹനം തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.