ഈദ് അവധി ദിനം പ്രവൃത്തി ദിനമാക്കിയതിനെതിരേ ജോൺ ബ്രിട്ടാസ്; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു
Friday, March 28, 2025 10:18 PM IST
തിരുവനന്തപുരം: ഈദ് അവധി ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ കസ്റ്റംസ് കേരള റീജിയൺ ചീഫ് കമ്മീഷണറുടെ നടപടിക്കെതിരേ ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രിക്ക് കത്ത് അയച്ചു. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് ചെറിയ പെരുന്നാളിന് അവധി നൽകണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ അംഗീകരിച്ച അവധി ദിന പട്ടികയിൽ ഉൾപ്പെടുന്നതാണ് ചെറിയ പെരുന്നാൾ ദിനമെന്ന് എംപി ചൂണ്ടിക്കാട്ടി. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർക്കാണ് കസ്റ്റംസ് കേരള റീജിയൺ ചീഫ് കമ്മീഷണറുടെ നിർദേശം.
ആർക്കും ലീവ് അനുവദിക്കരുതെന്ന് സൂപ്പർവൈസർമാർക്ക് നിർദേശം നൽകിയിട്ടുള്ളതായാണ് വിവരം. ജീവനക്കർ 29, 30, 31 തീയതികളിൽ നിർബന്ധമായി ഓഫീസിൽ എത്തണമെന്നാണ് അറിയിപ്പ്.