സ്വർണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
Friday, March 28, 2025 7:15 PM IST
കൊച്ചി: തമിഴ്നാട് നാമക്കൽ സ്വദേശികളായ സ്വർണപ്പണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ ചെക്കും വാങ്ങി തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുൾ മഞ്ചി ഭായ് (43), ധർമ്മേഷ് ഭായ് (38) കൃപേഷ് ഭായ് (35) എന്നിവരാണ് പിടിയിലായത്.
നാമക്കൽ സ്വദേശികളായ സ്വർണപ്പണിക്കാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പാലാരിവട്ടം നോർത്ത് ജനതാ റോഡിൽ കെട്ടിടം വാടകയ്ക്കെടുത്ത് സ്വർണാഭരണ ഫാക്ടറിയിൽ നിന്നും ശേഖരിച്ച സ്വർണ തരികൾ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ്.
അഞ്ഞൂറോളം ചാക്കുകളിൽ നിറച്ചു വച്ചിരുന്ന മണ്ണിൽ നിന്നും തമിഴ്നാട് സ്വദേശികളെ കൊണ്ട് അഞ്ചു കിലോ സാമ്പിൾ എടുപ്പിച്ച ശേഷം പ്രതികൾ ഒരു മുറിയിൽ പ്രത്യേകം തയാറാക്കിയിരുന്ന ടേബിളിനു മുകളിൽ വച്ചിരുന്ന ത്രാസിലേക്ക് സാംപിൾ മണ്ണ് അടങ്ങിയ കിറ്റ് വച്ച് തൂക്കം നോക്കുകയും ഈ സമയം ടേബിളിനടിയിൽ മുൻകൂട്ടി നിശ്ചയിച്ച് ഒളിപ്പിച്ചിരുന്ന ടേബിളിലും ത്രാസ്സിലും നേരത്തെ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വർണ ലായനി ഇൻഞ്ചക്ട് ചെയ്താണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്.
ആദ്യം വാങ്ങിയ സാംപിൾ മണ്ണിൽ നിന്നും സ്വർണം ലഭിച്ച തമിഴ്നാട് സ്വദേശികൾ പ്രതികൾക്ക് 50 ലക്ഷം രൂപയും രണ്ടു ചെക്കുകളും നൽകി അഞ്ച് ടൺ മണ്ണ് വാങ്ങിയാണ് തട്ടിപ്പിനിരയായത്. സാംപിളായി എടുത്ത മണ്ണിൽ നിന്നും സാധാരണ ലഭിക്കുന്നതിലും കൂടുതൽ അളവിൽ സ്വർണം ലഭിച്ചതിനെ തുടർന്ന് സംശയം തോന്നിയ തമിഴ്നാട് സ്വദേശികൾ പാലാരിവട്ടം പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.