നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് മേയിൽ?; വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ നിർദേശം
Friday, March 28, 2025 3:09 PM IST
മലപ്പുറം: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് മേയ് മാസത്തില്‍ നടക്കാന്‍ സാധ്യത. ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മേയ് അഞ്ചിന് പ്രസിദ്ധീകരിക്കാനാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കുള്ള കമ്മീഷന്റെ നിർദേശം.
നിലമ്പൂരടക്കം രാജ്യത്തെ ആറിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് എ.പി.അനിൽകുമാറിനും സിപിഎം എം.സ്വരാജിനും തെരഞ്ഞെടുപ്പ് ചുമതല നൽകിയതോടെ നിലന്പൂർ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി.
കോൺഗ്രസിൽ നിന്ന് വി.എസ്.ജോയിയോ ആര്യാടൻ ഷൗക്കത്തോ സ്ഥാനാർഥിയാകുമെന്ന സൂചനയുണ്ട്. സിപിഎം ടി.കെ.ഹംസയെ പരിഗണിക്കാനിടയുണ്ടെങ്കിലും അവസാന നിമിഷം സർപ്രൈസ് സ്ഥാനാർഥിക്കും സാധ്യതയുണ്ട്.
കഴിഞ്ഞ ജനുവരി 13ന് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞതോടെയാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.