ഗുജറാത്ത് പോലീസിന് തിരിച്ചടി; കോണ്‍ഗ്രസ് എംപിക്കെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി
Friday, March 28, 2025 12:17 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ഇമ്രാന് പ്രതാപ്ഗഡിക്കെതിരേ ഗുജറാത്ത് പോലീസ് എടുത്ത കേസ് സുപ്രീംകോടതി റദ്ദാക്കി. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കവിതയുടെ പേരില്‍ എടുത്ത കേസാണ് കേസാണ് റദ്ദാക്കിയത്.
എഴുതിയതും പറഞ്ഞതുമായ വാക്കുകളുടെ അര്‍ഥം ആദ്യം മനസിലാക്കണം. എന്നിട്ട് വേണം കേസെടുക്കാനെന്ന് പോലീസിനെ കോടതി വിമര്‍ശിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ ശ്രമിക്കരുത്. ജനാധിപത്യത്തില്‍ ആവിഷ്കാര സ്വാതന്ത്രം വേണമെന്നും കോടതി നിരീക്ഷിച്ചു.
യുപി സ്വദേശിയായ പ്രതാപ്ഗഡി മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാ എംപിയാണ്. ഗുജറാത്തില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ എംപി അവിടെവച്ച് കവിത ആലപിക്കുന്ന രീതിയില്‍ ചെയ്ത റീല്‍ സമൂഹമാധ്യങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. രക്തദാഹിയായ മനുഷ്യാ കേള്‍ക്കൂ എന്നര്‍ഥം വരുന്ന കവിതയാണ് എംപി പാടിയത്.
ഇത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് എംപിക്കെതിരേ ഗുജറാത്ത് പോലീസ് കേസെടുത്തത്. കലാപഹ്വാനം, മതസ്പര്‍ധ വളര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. ഈ കേസിനെതിരായ ഹര്‍ജി ആദ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തിയത്.