കണ്ണൂരിൽ സ്വകാര്യ ബസിൽ നിന്നും തോക്കിൻ തിരകൾ കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ
Friday, March 28, 2025 8:48 AM IST
കണ്ണൂർ: കൂട്ടുപുഴയിൽ സ്വകാര്യ ബസിൽ നിന്ന് 150 തോക്കിൻ തിരകൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ.
ബസിലെ യാത്രക്കാരനായ ഉളിക്കൽ സ്വദേശിയെയാണ് ഇരിട്ടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. കുടക് ജില്ലയിലെ വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസിന്റെ ബർത്തിൽ ബാഗിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് ഇന്നലെ വൈകിട്ട് തിരകൾ കണ്ടെത്തിയത്.
കസ്റ്റഡിയിൽ ഉള്ളയാൾ തന്നെയാണോ കൊണ്ടുവന്നത് എന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. പോലീസ് ആവശ്യപ്പെടുമ്പോൾ ഹാജരാകാൻ നിർദേശിച്ചു.
എക്സൈസ് പരിശോധനയിൽ കണ്ടെത്തിയ തിരകൾ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം എത്തിയ പോലീസ് സംഘം ബസ് യാത്രക്കാരെയടക്കം കസ്റ്റഡിയിലെടുത്ത് ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി.
എക്സൈസ് സംഘം പിടികൂടിയ തിരകളും പൊലീസിന് കൈമാറി. ഡോഗ് സ്ക്വാഡെത്തിയാണ് പരിശോധന നടത്തിയത്.