കോട്ടയം നഴ്സിംഗ് കോളജിലെ റാഗിംഗ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും
Friday, March 28, 2025 7:33 AM IST
കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളജിൽ നടന്ന റാഗിംഗിൽ അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം നൽകും. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നൽകുന്നത്.
ജൂനിയർ വിദ്യാർഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു. നവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർഥിളെ പ്രതികൾ തുടർച്ചയായി ആക്രമിച്ചത്.
ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
റാഗിംഗിനെ കുറിച്ച് പുറത്ത് പറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ അന്വേഷണ സംഘം പറയുന്നു. ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് കൊടിയ പീഡനമാണ്.
പ്രതികളായ വിദ്യാർഥികളുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ലഹരി ഉപയോഗത്തിന് പ്രതികൾ പണം കണ്ടെത്തിയത് ഇരകളായ വിദ്യാർഥികളിൽ നിന്നാണ്. ഒരു വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവാണ്.
പ്രതികൾ തന്നെ പകർത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു.