ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവം; വില്ലേജ് ഓഫീസർ പരാതി നൽകി
Thursday, March 27, 2025 11:11 PM IST
പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജില്ലാ കളക്ടർക്ക് പരാതി നൽകി. എം.വി.സഞ്ജു ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വില്ലേജ് ഓഫീസർ നൽകിയ പരാതി കളക്ടർ പോലീസിന് കൈമാറി.
പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസറുടെ മൊഴി പോലീസ് വെള്ളിയാഴ്ച എടുക്കും. ഡെപ്യൂട്ടി തഹസിൽദാർക്കൊപ്പമാണ് കളക്ടറെ കണ്ട് പരാതി നൽകിയത്. വില്ലേജിൽ അടയ്ക്കേണ്ട നികുതി കുടിശിക ചോദിച്ചു വിളിച്ചപ്പോഴാണ് ഭീഷണി നേരിട്ടത്.
കഴിഞ്ഞ ദിവസമാണ് കൊലവിളി ഭീഷണി അടങ്ങുന്ന വിവാദ ഫോൺ സംഭാഷണം പുറത്തുവന്നത്. ജീവന് ഭീഷണിയുണ്ടെന്നും ജോലി ചെയ്യാൻ അനുകൂല സാഹചര്യമില്ലെന്നും വില്ലേജ് ഓഫീസറുടെ പരാതിയിൽ പറയുന്നു.
വില്ലേജ് ഓഫീസർ ഗൂഢാലോചന നടത്തിയെന്നും എഡിറ്റ് ചെയ്ത് ശബ്ദരേഖയാണ് പ്രചരിക്കുന്നതെന്നും എം.വി. സഞ്ജു പറഞ്ഞു.