വാഹനാപകടം: മാക്കൂട്ടം ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് പരിക്ക്
Thursday, March 27, 2025 9:20 PM IST
ഇരിട്ടി: മാക്കൂട്ടം ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ വാഹനം നിന്ത്രണംവിട്ട് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. റേഞ്ച് ഓഫീസർ മാദവ് ദെഡഗുടുകിക്ക് (36) ഗുരുതരമായി പരിക്കേറ്റു.
രാവിലെ 8.30 ഓടെ കൂട്ടുപുഴയ്ക്ക് അടുത്ത വളവുപാറയിലാണ് അപകടം നടന്നത്. വള്ളിത്തോട് നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനത്തിൽ കുടുങ്ങിയ റേഞ്ചറെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആദ്യം ഇരിട്ടിയലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ലോറിയിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോടുള്ള ജിമ്മിലെ പരിശീലനത്തിനുശേഷം തിരിച്ചു പോകുമ്പോഴായിരുന്നു അപകടം. അപകടം നടക്കുമ്പോൾ റേഞ്ചർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് തലശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസും ഫയർഫോഴ്സും ചേർന്ന് വാഹനം റോഡിൽ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽപ്പെട്ട ലോറിക്ക് പിന്നിലിടിച്ച് മറ്റൊരു കാറിനും കേടുപാടുകൾ സംഭവിച്ചു.