മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസം; ടൗൺഷിപ്പിന് തറക്കല്ലിട്ടു
Thursday, March 27, 2025 5:00 PM IST
കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായ മുണ്ടക്കൈ -ചൂരൽമല നിവാസികൾക്ക് വീടുകളൊരുങ്ങുന്നു. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. എന്തിനെയും അതിജീവിക്കും. അതാണ് ചൂരൽമല, മുണ്ടക്കൈ പുനരധിവാസം നൽകുന്ന മഹാ സന്ദേശം. അസാധ്യമെന്ന് കരുതുന്ന എന്തും സാധ്യമാക്കാനാകും എന്നതാണ് നമ്മുടെ അനുഭവം.
വലിയൊരു ജീവകാരുണ്യമാണ് ഫലവത്താകുന്നത്. വലിയ സ്രോതസായി പ്രതീക്ഷിച്ചത് കേന്ദ്രസഹായമാണ്. കിട്ടിയത് വായ്പാ രൂപത്തിലുള്ള തീർത്തും അപര്യാപ്തമായ തുകയാണ്. കേന്ദ്ര സഹായത്തിന്റെ അഭാവത്തിലും പുനരധിവാസവുമായി നാം മുന്നോട്ട് പോയി.
അസാധാരണ ദൗത്യം ഏറ്റെടുത്ത് മുന്നേറാൻ നമുക്കുണ്ടായ ധൈര്യം പകർന്നത് നമ്മുടെ നാടിന്റെ ഒരുമയും ഐക്യവും മനുഷ്യത്വവുമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴുസെന്റ് സ്ഥലത്ത് ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമിക്കുന്നത്.
രണ്ട് ബെഡ്റൂം, ഹാൾ, അടുക്കള, വരാന്ത, ഡൈനിംഗ്, സ്റ്റോർ ഏരിയ എന്നിങ്ങനെയാണ് നിർമാണം. ഒന്നരയേക്കറിൽ മാർക്കറ്റ്, ആധുനിക അങ്കണവാടി, പാർക്കിംഗ് ഏരിയാ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാൾ എന്നിവയും ഉൾപ്പെടുന്നു.
ഓപ്പൺ എയർ തിയറ്റർ, ഫുട്ബോൾ മൈതാനം, മാലിന്യസംസ്കരണ സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ.രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർ പങ്കെടുത്തു.