പത്തനംതിട്ടയില്‍ ശുചീകരണ തൊഴിലാളികളെ മര്‍ദിച്ച സംഭവം; സിഐടിയു നേതാവ് അറസ്റ്റില്‍
Thursday, March 27, 2025 3:41 PM IST
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ മര്‍ദിച്ച സംഭവത്തില്‍ സിഐടിയു പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഎം കുമ്പഴ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ സക്കീര്‍ അലങ്കാരത്ത് ആണ് അറസ്റ്റിലായത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
നഗരസഭാ സെക്രട്ടറിയുടെ നിർദേശപ്രകാരം, ടൗൺ സ്ക്വയറിൽ ചട്ടം ലംഘിച്ച് കെട്ടിയ കൊടികൾ അഴിച്ച നഗരസഭാ ജീവനക്കാരെ സിഐടിയു നേതാക്കൾ മർദിക്കുകയായിരുന്നു. അഴിച്ച കൊടികൾ തിരികെ കെട്ടിക്കുകയും ചെയ്തു.
സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടലിന്റെ ഭാഗമായിട്ടാണ് കൊടികൾ കിട്ടിയത്. ടൗൺ സ്ക്വയറിലെ പരിപാടികളിൽ കൊടി തോരണങ്ങൾ ഒഴിവാക്കണമെന്ന് നഗരസഭ കൗൺസിൽ അടക്കം തീരുമാനിച്ചതാണ്. ഇത് ലംഘിച്ചാണ് സിഐടിയു അവിടെ കൊടികൾ കൊണ്ട് നിറച്ചത്.
പരാതി വന്നതോടെ നഗരസഭാ സെക്രട്ടറി കൊടികൾ അഴിച്ചുമാറ്റാൻ ജീവനക്കാരെ അയച്ചപ്പോഴായിരുന്നു മർദനം. കേശവൻ , കുഞ്ഞുമോൻ എന്നീ ജീവനക്കാർക്കാണ് മർദനമേറ്റത്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.