വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ളവര്‍ക്ക് എച്ച്ഐവി ബാധ; ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Thursday, March 27, 2025 11:32 AM IST
മലപ്പുറം: വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ളവര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ഒരു സംഘത്തിലുളള ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളും മറ്റ് ആറ് പേര് മലയാളികളുമാണ്.
രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഹൈ റിസ്ക് പോപ്പുലേഷന്റെ ഇടയില്‍ നടത്തിയ സര്‍വേയില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ലഹരി സംഘത്തിലേക്ക് എത്തിയത്. പിന്നീട് സംഘത്തിലുള്ള എല്ലാവര്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ലഹരി കുത്തിവയ്ക്കാന്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചതാകാം രോഗം പകരാന്‍ ഇടയാക്കിയതെന്ന് ഡിഎംഒ അറിയിച്ചു. രോഗബാധ ഉള്ളവരുടെ കുടുംബാംഗങ്ങളെ അടക്കം ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് സ്ക്രീനിംഗ് തുടരുകയാണ്.