ലീഗ് കോട്ടയിൽനിന്നാണ് നാലാമതും ജയിച്ചത്, ഉശിര് കൂടും; സ്പീക്കർക്ക് മറുപടിയുമായി ജലീൽ
Thursday, March 27, 2025 10:51 AM IST
മലപ്പുറം: നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര്‍ എ.എന്‍.ഷംസീറിന് മറുപടിയുമായി കെ.ടി.ജലീല്‍. നിയമസഭയില്‍ സ്വകാര്യ സര്‍വകലാശാലാ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സമയം അല്പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്നും ജലീൽ പ്രതികരിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. ലീഗ് കോട്ടയായ മലപ്പുറത്ത് നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും അല്പം 'ഉശിര് കൂടും. മക്കയിൽ ഈന്തപ്പഴം വിൽക്കുന്നവർക്ക് അത് മനസിലാകില്ലെന്നും ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജലീനെ സ്പീക്കർ ശാസിച്ചത്. സ്വകാര്യ സര്‍വകലാശാല ബില്ലിലെ ചര്‍ച്ചയില്‍ ജലീല്‍ അധിക സമയമെടുത്തപ്പോഴാണ് സ്പീക്കർ ക്ഷുഭിതനായത്. ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതായിരുന്നു സ്പീക്കറെ ചൊടിപ്പിച്ചത്.
ജലീൽ ചെയറിനെ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിർത്താത്തത് ധിക്കാരമാണെന്നും സ്പീക്കർ ശാസിച്ചു. കെ.ടി. ജലീലിന് പ്രത്യേക പ്രിവിലേജൊന്നും സഭയിലില്ലെന്നും സ്പീക്കർ പറഞ്ഞിരുന്നു.