എംഡിഎംഎയ്ക്ക് പണം നല്‍കിയില്ല; യുവാവ് മാതാപിതാക്കളെ ആക്രമിച്ചു
Thursday, March 27, 2025 10:42 AM IST
മലപ്പുറം: താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്കാത്തതിനാല് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. പിന്നീട് നാട്ടുകാരും അയല്‍വാസികളും ഇടപെട്ട് യുവാവിനെ കൈകാലുകള്‍ ബന്ധിച്ച് താനൂര്‍ പോലീസില്‍ വിവരമറിയിച്ചു.
താനൂര്‍ ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. കൊച്ചിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ആദ്യമായി ലഹരി ഉപയോഗിച്ചതെന്നും പിന്നീട് അതിന് അടിമയായെന്നും യുവാവ് പറയുന്നു.
ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നാണ് പുതുതലമുറയോട് തനിക്ക് പറയാനുള്ളതെന്നും അതുകൊണ്ട് നഷ്ടം മാത്രമാണ് ഉണ്ടാവുകയെന്നും ഇയാള്‍ പറയുന്നുണ്ട്. പല ഘട്ടങ്ങളിലായി ലഹരി ഉപയോഗം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇതിനു സാധിച്ചിരുന്നില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.