പാർലമെന്ററി സംവിധാനത്തിൽ രാഹുൽ ഗാന്ധിക്ക് താത്പര്യമില്ലെന്ന് ബിജെപി എംപി
Thursday, March 27, 2025 7:16 AM IST
ന്യൂഡൽഹി: ലോക്സഭയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ വാദത്തെ വിമർശിച്ച് ബിജെപി എംപി ജഗദംബിക പാൽ.
കോൺഗ്രസ് നേതാവ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാർലമെന്ററി സംവിധാനത്തിൽ അദ്ദേഹത്തിന് താത്പര്യമില്ലെന്നും ജഗദംബിക പാൽ പറഞ്ഞു.
"രാഹുൽ ഗാന്ധി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ സഭയിൽ സംസാരിക്കുന്നതിൽ നിന്ന് ആരെയും തടയാൻ ആർക്കും കഴിയില്ല. അദ്ദേഹം സഭയിൽ ഇരിക്കാറില്ല. ഒരു ബില്ലിനെക്കുറിച്ചും നിർദേശങ്ങളെക്കുറിച്ചും സംസാരിക്കാറില്ല. പാർലമെന്ററി സംവിധാനത്തിൽ അദ്ദേഹത്തിന് താൽപര്യമില്ല. കോൺഗ്രസ് അംഗങ്ങൾക്ക് ഇവിടെ സംസാരിക്കാമെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹത്തിന് (രാഹുൽ ഗാന്ധിക്ക്) സംസാരിക്കാൻ കഴിയാത്തത്'?- എഎൻഐയോട് സംസാരിക്കവേ പാൽ പറഞ്ഞു.
ബുധനാഴ്ച, ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സഭയിൽ സംസാരിക്കാൻ തന്നെ അനുവദിച്ചില്ലെന്ന് ആരോപിച്ചിരുന്നു. ജനാധിപത്യത്തിൽ സർക്കാരിനും പ്രതിപക്ഷത്തിനും ഒരു സ്ഥാനമുണ്ടെന്നും എന്നാൽ ഇവിടെ പ്രതിപക്ഷത്തിന് സ്ഥാനമില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
"പ്രധാനമന്ത്രി മഹാ കുംഭമേളയെക്കുറിച്ച് സംസാരിച്ചു. എനിക്കും കുംഭമേളയെക്കുറിച്ച് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കുംഭമേള വളരെ നല്ലതായിരുന്നുവെന്ന് ഞാൻ പറയാൻ ആഗ്രഹിച്ചു. തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാനും ഞാൻ ആഗ്രഹിച്ചു. പക്ഷേ എനിക്ക് അനുവാദം ലഭിച്ചില്ല. സ്പീക്കറുടെ സമീപനവും ചിന്തയും എന്താണെന്ന് എനിക്കറിയില്ല'.-രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.