വടക്കൻ പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Wednesday, March 26, 2025 11:15 PM IST
കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. വടക്കൻ പറവൂർ സ്വദേശി മാനവ് (17) ആണ് മരിച്ചത്. അണ്ടർ - 19 കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന മാനവ് പറവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു (ബയോളജി) വിദ്യാർഥിയാണ്.
പുത്തൻവേലിക്കരയിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽ ബണ്ടിന് സമീപമായിരുന്നു അപകടം. വൈകീട്ട് നാലോടെ സുഹൃത്തുക്കൾക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്.
പുഴയിൽ ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നതു കണ്ട് ഒരു സുഹൃത്ത് കയറിപ്പിടിച്ചു. അതോടെ രണ്ട് പേരും മുങ്ങി. ഉടനെ വേറൊരു സുഹൃത്ത് മാനവിനെ രക്ഷിക്കാൻ ശ്രമിച്ചയാളെ പിടിച്ചുകയറ്റി.
എന്നാൽ, മാനവ് പുഴയിലേക്ക് താഴ്ന്നുപോയി. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർ ഫോഴ്സിന്റെ സ്കൂബ ടീം മാനവിനെ കണ്ടെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.