പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് മാനസികപിന്തുണയുമായി "സ്നേഹിത'
Wednesday, March 26, 2025 10:40 PM IST
കോട്ടയം: വിവിധ കേസുകളുമായി പോലീസ് സ്റ്റേഷനുകളിലെത്തുന്നവര്‍ക്ക് മാനസിക പിന്തുണയുമായി സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡിവൈഎസ്പി/ എസിപി ഓഫീസുകളിലാണ് എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ജില്ലയില്‍ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം ഡിവൈഎസ്പി ഓഫീസുകളിലാണ് സ്നേഹിത പ്രവര്‍ത്തിക്കുന്നത്.
ഈ ഓഫീസുകളുടെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ അടിയന്തര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സലര്‍മാരെ ചുമതലപ്പെടുത്തി സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകളിലൂടെ സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആഴ്ചയില്‍ നിശ്ചയിക്കപ്പെട്ട രണ്ടു ദിവസമാണ് എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. സെന്ററുകളില്‍ പരിശീലനം ലഭിച്ച കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകളില്‍ വനിതാ-ശിശു സൗഹൃദ കൗണ്‍സലിംഗ് മുറി, ശുചിമുറി, കുടിവെള്ളം എന്നീ സൗകര്യങ്ങളുണ്ട്. ശിശുസൗഹൃദത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കുടുംബശ്രീ സംവിധാനമോ ആവശ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളോ ഉപയോഗിച്ച് ആവശ്യമായ കേസുകളില്‍ പുനരധിവാസം നല്‍കും.
സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പിന്തുണ പോലീസ് ഉറപ്പുവരുത്തും. പോലീസ് സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബ പ്രശ്നങ്ങള്‍, മാനസിക പിന്തുണ ആവശ്യമായ മറ്റു കേസുകള്‍ എന്നിവ എക്സ്റ്റന്‍ഷന്‍ സെന്ററിലേക്ക് റഫര്‍ ചെയ്യാം.