അവധിക്കാലമായി; കുട്ടികളുടെ ‘ഇ’കാര്യങ്ങളില്‍ ശ്രദ്ധവേണം
Wednesday, March 26, 2025 10:10 PM IST
കൊച്ചി: പരീക്ഷയൊക്കെ കഴിഞ്ഞ് കുട്ടികളില്‍ പലരും അവധിക്കാലത്തിലേക്ക് കടന്നിരിക്കുകയാണ്. കുട്ടികളില്‍ പലരും അധികസമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ ഇ- കാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് മുന്നറിയിപ്പ്.
ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവര്‍ക്ക് ശരിയായ അവബോധം മാതാപിതാക്കള്‍ നല്‍കണം. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും ഓഫ്ലൈനില് എന്ന പോലെ തന്നെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്.
കുട്ടികളെ ബോധ്യപ്പെടുത്താം
*ഓണ്‍ലൈനില്‍ കാണുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും യാഥാര്‍ഥ്യവും വ്യാജവും വേര്‍തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കണം.
*തട്ടിപ്പുകളില്‍ വീണുപോകാതിരിക്കാന്‍ പാസ് വേര്‍ഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാന്‍ അവരെ പഠിപ്പിക്കുക.
*വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകള്‍ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.
*അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇ-മെയില്‍ ഒരു അപരിചിതനില്‍ നിന്ന് ലഭിച്ചാല്‍, രക്ഷിതാക്കളെ സമീപിക്കാന്‍ അവരെ പഠിപ്പിക്കുക.
*അപരിചിതരില്‍ നിന്നും സൗഹൃദ അഭ്യര്‍ഥനകള്‍ സ്വീകരിക്കാതിരിക്കുക.
*ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാല്‍, മാതാപിതാക്കളുടെ അടുത്ത് വന്ന് അത് പരിശോധിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടണം.
*സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്വകാര്യത സംരക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തുക
*ഓണ്‍ലൈന്‍ ഗെയിമുകളില്‍ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക