ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം തുടര്‍ഭരണം നേടിയത്: കെ. സുധാകരന്
Wednesday, March 26, 2025 8:22 PM IST
തിരുവനന്തപുരം: ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് 2021ൽ സിപിഎം തുടർഭരണം നേടിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന് എംപി. കോടിക്കണക്കിന് രൂപയാണ് അന്നു ബിജെപി കേരളത്തില്‍ വിതരണം ചെയ്തതെന്നും അതു കൊടുത്ത് ബിജെപി വോട്ടുകള്‍ സിപിഎമ്മിനു മറിച്ചുവെന്നും സുധാകരൻ പറഞ്ഞു.
60ലധികം സീറ്റുകളിലാണ് ബിജെപിയുടെ വോട്ടുമറിഞ്ഞതെന്നും സുധാകരൻ പറഞ്ഞു. പ്രത്യുപകാരമായി കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തുവെന്നും സുധാകരൻ ആരോപിച്ചു.
"സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാക്കള്‍ കൊടകര കുഴല്‍പ്പണ കേസില്‍ സാക്ഷികളാണ്. ഇവരെ പ്രതി ചേര്‍ക്കാതെ പിണറായി സര്‍ക്കാര്‍ കേസ് ഇഡിക്കു കൈമാറി. പിണറായി സര്‍ക്കാര്‍ പഴുതുകളില്ലാത്ത അന്വേഷണം നടത്തിയിരുന്നെങ്കില്‍ ബിജെപി നേതാക്കള്‍ ഇപ്പോള്‍ ജയിലിലാകുമായിരുന്നു. ഇഡിക്ക് കേസ് വിട്ടപ്പോഴാണ് തന്നെ ഒരിക്കലും ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കെ സുരേന്ദ്രന് വെല്ലുവിളിച്ചത്'- കെ.സുധാകരൻ കൂട്ടിച്ചേർത്തു.