ബിജെപിക്കും ആർഎസ്എസിനും വേണ്ടി എന്ത് വൃത്തികേടും ഇഡി ചെയ്യും: എം.വി. ഗോവിന്ദൻ
Wednesday, March 26, 2025 6:22 PM IST
തിരുവനന്തപുരം: ബിജെപിക്കും ആർഎസ്എസിനും വേണ്ടി എന്ത് വൃത്തികേടും ഇഡി ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കൊടകര കേസിൽ ഇഡി സംരക്ഷിച്ചത് ബിജെപിയുടെ താത്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയത് ഇഡി രാഷ്ട്രീയ പ്രേരിത ഏജൻസിയെന്ന സിപിഎം വാദം ശരിവെക്കുന്നതാണെന്നും ഗോവിന്ദൻ പറഞ്ഞു.
"കുഴൽപ്പണ വിനിമയം കേരളാ പോലീസ് അന്വേഷിച്ച് കേസിന്റെ സ്വഭാവം വച്ചാണ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്. ബിജെപി നേതാക്കൾക്ക് പോറൽ വരാത്ത വിധം ചാഃജ്ജ് ഷീറ്റ് ഇഡി തിരുത്തി. ബിജെപി താത്പര്യം സംരക്ഷിച്ചാണ് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്.'-എം.വി. ഗോവിന്ദൻ പറഞ്ഞു .
രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ 29 ന് കൊച്ചി ഇഡി ഓഫീലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആറ് ചാക്കിൽ പണം കെട്ടി കടത്തിയത് തിരൂർ സതീഷ് പറഞ്ഞിട്ടും ഇഡി മൊഴി പോലുമെടുത്തില്ലെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു.
"ഓഫീസ് സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരള പോലീസ് കേസെടുത്തു. കെ സുരേന്ദ്രന്റെ അറിവോടെയാണ് ഇടപാട് നടന്നത്. വസ്തുതകൾ സംസ്ഥാന സർക്കാർ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അതൊന്നും കണക്കിലെടുത്തില്ല.'- ഗോവിന്ദൻ പറഞ്ഞു.
കള്ളപ്പണ കേസ് തന്നെ രൂപം മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. കള്ളപ്പണക്കേസ് അട്ടിമറിക്കാൻ വിചിത്ര വാദങ്ങൾ പറയുകയാണ്. ശുദ്ധ അസംബന്ധങ്ങളാണ് പറയുന്നത്. കേസിലുൾപ്പെട്ട ബിജെപിക്കാർക്ക് ക്ലീൻ ചിറ്റ് നൽകുന്നു. ബിജെപിക്കും ആർഎസ്എസിനും വേണ്ടി എന്ത് വൃത്തികേടും ഇഡി ചെയ്യുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.