അർജന്റീന ടീം ഇന്ത്യയിലേക്ക് ; കേരളത്തിൽ പന്ത് തട്ടാൻ മെസിയും
Wednesday, March 26, 2025 3:41 PM IST
തിരുവനന്തപുരം: അർജന്റീന ടീം ഇന്ത്യയിലേക്ക് എത്തുന്നു. ഒക്ടോബറിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീം എത്തുമെന്ന് എച്ച്എസ്ബിസി അറിയിച്ചു.
എഎഫ്ഐയുമായി ഒരു വർഷത്തേക്ക് സഹകരണത്തിന് കരാറിലെത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ടീം അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്നും എച്ച്എസ്ബിസി ഇന്ത്യയാണ് വ്യക്തമാക്കിയത്.
2026ലെ ഫുട്ബോൾ ലോകകപ്പിലേക്കുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് അർജന്റീന ഇന്ത്യയിലെത്തുന്നത്. ഇതിനുമുമ്പ് 2011 സെപ്റ്റംബറിലാണ് മെസിയും ടീമും ഇന്ത്യയിലെത്തിയത്. വെനസ്വേലയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ കോൽക്കത്തയിലാണ് എത്തിയത്. മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന ജയിച്ചു.
മെസിയും അർജന്റീന ടീമും ഈവർഷം ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്നും രണ്ട് മത്സരങ്ങൾ കളിക്കുമെന്നും സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞിരുന്നു.