കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് പരിക്ക്
Wednesday, March 26, 2025 12:18 PM IST
കോട്ടയം: ളാക്കാട്ടൂരിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്. ചൊവ്വാഴ്ച രാവിലെ 11.30 യോടെ വീടിന്റെ പരിസരത്തു നിൽക്കുകയായിരുന്ന കണ്ണൻകുന്ന് മാത്തച്ചേരിൽ ബിനോ ഐപ്പിനാണ് (48) കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്.
കൈക്ക് സാരമായി പരിക്കേറ്റ ബിനോയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം കാട്ടുപന്നിയെ സ്വകാര്യ പുരയിടത്തിൽ ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാട്ടുപന്നിയെ മറവ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, പഞ്ചായത്ത് അംഗങ്ങളായ സോജി ജോസഫ്, ഗോപി ഉല്ലാസ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഹരിലാൽ, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ബൂൺ തോമസ് തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി മേൽനടപടികൾക്ക് നേതൃത്വം നൽകി.
പഞ്ചായത്തിലെ ഒന്ന്, രണ്ട്, 17 വാർഡുകളിൽ കാട്ടുപന്നികളുടെയും കുറുക്കന്റെയും ശല്യം വ്യാപകമാണ്. കൃഷി നശിപ്പിക്കുന്ന ഇവയെ തുരത്താൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.