കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭവം; പ്രതികളെ വെറുതേ വിട്ടു
Wednesday, March 26, 2025 10:01 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭവത്തിൽ പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരായ ഏഴ് പേരെയാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
തെളിവുകളുടെ അഭാവത്തിലായിരുന്നു കോടതി നടപടി. പരാതിക്കാരായ സുരക്ഷാജീവനക്കാര്‍ തന്നെ മൊഴി മാറ്റിയത് കേസില്‍ തിരിച്ചടിയായിരുന്നു.
2022 ഓഗസ്റ്റ് 31ന് സന്ദർശക ഗേറ്റിലായിരുന്നു സംഭവം. അനുമതി ഇല്ലാതെ ആശുപത്രിക്കുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ ജില്ലാ നേതാവിനെയും കുടുംബത്തെയും തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെ മറ്റൊരു സംഘമെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്കും ഒരു മാധ്യമപ്രവർത്തകനുമാണ് മര്‍ദനമേറ്റത്.
പിന്നീട് വിചാരണവേളയില്‍ മൂന്ന് പേരും മൊഴി മാറ്റുകയായിരുന്നു. മാധ്യമപ്രവര്ത്തകന് മാത്രമാണ് ആദ്യം കൊടുത്ത മൊഴിയില്‍ ഉറച്ചുനിന്നത്. ഇതോടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല.