യുഎസിൽ കാണാതായ ഇന്ത്യൻ വംശജനെ മരിച്ചനിലയിൽ കണ്ടെത്തി
Wednesday, March 26, 2025 4:26 AM IST
വാഷിംഗ്ടൺ ഡിസി: ടെക്സസിലെ പ്രിൻസ്റ്റണിൽ ഇന്ത്യൻ വംശജനെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിൽ നിന്നുള്ള അഭിഷേക് കൊല്ലി(30) ആണ് മരിച്ചത്.
സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം. മരണം നടന്നതിന് ഒരു ദിവസം മുൻപ് അഭിഷേകിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു വർഷം മുൻപാണ് അഭിഷേക് വിവാഹിതനായത്. നേരത്തെ, ഭാര്യയോടൊപ്പം ടെക്സസിലെ ഫീനിക്സിൽ താമസിച്ചിരുന്ന അഭിഷേക് പിന്നീട് പ്രിൻസ്റ്റണിലേക്ക് താമസം മാറുകയായിരുന്നു.
അഭിഷേക് കഴിഞ്ഞ ആറ് മാസമായി തൊഴിൽരഹിതനായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ അരവിന്ദ് കൊല്ലി വ്യക്തമാക്കി.