തൃശൂര്‍ പൂരം കലക്കല്‍; അന്വേഷണസംഘം മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും
Tuesday, March 25, 2025 8:50 AM IST
തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍ അന്വേഷണസംഘം മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. എഡിജിപി എം.ആര്.അജിത്കുമാറിന്റെ വീഴ്ചയേക്കുറിച്ച് നടക്കുന്ന അന്വേഷണത്തിലാണ് മൊഴിയെടുപ്പ് നടക്കുക.
നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നല്‍കാമെന്ന് അന്വേഷണസംഘത്തെ മന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം എം.ആര്.അജിത്കുമാറിന്റെ മൊഴിയും എടുക്കും.
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിഷയത്തില്‍ അജിത്കുമാറിന്റെ വീഴ്ചയാണ് ഡിജിപി അന്വേഷിക്കുക. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോയെന്നതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
പോലീസ് ഒഴികെ മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചോ എന്നത് ഇന്റലിജന്‍സ് എഡിജിപിയുമാണ് അന്വേഷണം നടത്തിയത്. ഇതിൽ ഇന്റലിജന്‍സ് എഡിജിപി മാത്രമാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മറ്റ് വകുപ്പുകള്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
എന്നാല്‍ ഡിജിപിയുടെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം തുടങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും ഇതുവരെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.