സംസ്ഥാന ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ; ഗുരുസൂക്തം പങ്കുവച്ച് പ്രതികരണം
Monday, March 24, 2025 11:33 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ പ്രഖ്യാപിക്കവേ ഫേസ്ബുക്കിൽ ഗുരുസൂക്തം പങ്കുവച്ച് ആദ്യപ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക’, എന്ന വാചകമാണ് പങ്കുവച്ചിരിക്കുന്നത്.
ഇന്നുചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏല്ക്കും. അഞ്ച് വര്‍ഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷന്‍ കെ.സുരേന്ദ്രന് സ്ഥാനമൊഴിയും.
ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മുന്‍ പ്രസിഡന്റ് വി. മുരളീധരന്, ശോഭാ സുരേന്ദ്രന് എന്നിവരുടെ പേരുകളും ദേശീയനേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നെങ്കിലും പിന്നീട് കോര്‍ കമ്മിറ്റി യോഗത്തില്‍ ദേശീയനേതൃത്വമാണ് പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത് എന്നാണ് വിവരം. ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ എന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം.