സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം
Monday, March 24, 2025 11:23 AM IST
കണ്ണൂർ: മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ എട്ട് പ്രതികൾക്ക് ജീവപര്യന്തം. രണ്ട് മുതൽ ഒൻപത് വരെയുള്ള പ്രതികൾക്കാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതി പ്രദീപന് മൂന്ന് വർഷം തടവും വിധിച്ചു.
ടി.പി. കേസ് കുറ്റവാളി ടി.കെ. രജീഷ്, എൻ.വി. യോഗേഷ്, കെ. ഷംജിത്ത്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ മനോരാജ്, സജീവൻ, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, കെ.വി. പത്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം.
സിപിഎം പ്രവർത്തകനായിരുന്ന സൂരജ് ബിജെപിയിൽ ചേർന്നിരുന്നു. ഈ വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.
കേസിൽ പ്രതികളായിരുന്ന മക്രേരി തെക്കുന്പാടൻ പൊയിൽ രവീന്ദ്രൻ, മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനിയിലെ പള്ളിക്കൽ പി.കെ. ഷംസുദ്ദീൻ എന്നിവർ കേസിന്റെ വിചാരണയ്ക്കിടെ മരിച്ചു. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു.
കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്.
പ്രതികൾ നിരപരാധികളാണെന്നും അപ്പീൽ പോകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.