ഇസ്രയേൽ ആക്രമണം; ഹമാസ് നേതാവ് കൊല്ലപ്പെട്ടു
Monday, March 24, 2025 9:16 AM IST
ടെൽ അവീവ്: ഗാസയിലെ നാസർ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് ഇസ്മായിൽ ബർഹൂം കൊല്ലപ്പെട്ടു. ആക്രമണത്തിൽ പതിനാറുകാരനും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ബർഹൂമിനെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ കുട്ടിയും കൊല്ലപ്പെടുകയായിരുന്നു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഞായറാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അൽ-ബർദവീലും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ബർദവീൽ ഭാര്യയോടൊപ്പം പ്രാർഥിക്കുന്നതിനിടെയാണ് ആക്രമണമെന്നാണ് ഹമാസ് പ്രസ്താവനയിൽ അറിയിച്ചത്.
ശനിയാഴ്ച പുലർച്ചെ മുതൽ വിവിധ പ്രദേശങ്ങളിലായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 32 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് അരലക്ഷം പിന്നിട്ടു.