രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ഐഡിയോളജിയുള്ള ആളാണെന്ന് കരുതുന്നില്ല: വി.ഡി. സതീശൻ
Sunday, March 23, 2025 2:25 PM IST
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ഐഡിയോളജിയുള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വേറെ പാർട്ടികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാറില്ല. സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിക്കകത്ത് മാറ്റങ്ങളുണ്ടാകാറുണ്ടെന്നും മാറ്റത്തെ എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പ്രതികരിച്ചു.
ബിജെപി മാത്രമാണ് ഇത്തരത്തില്‍ സമയാസമയങ്ങളില്‍, കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയുടെ ബൂത്തുതലം മുതല്‍ അഖിലേന്ത്യ തലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എല്ലാ സംഘടനാ തെരഞ്ഞെടുപ്പുകളും ഏറ്റവും ആദ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇനി സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് മാത്രമാണ് അവശേഷിക്കുന്നത്. അതിന് തിങ്കളാഴ്ച ഉച്ചയോടുകൂടി പരിസമാപ്തിയാകും.
എത്ര പേര്‍ക്ക് വേണമെങ്കിലും നോമിനേഷന് കൊടുക്കാം. സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ തനിക്ക് ഇടപെടാന്‍ അവകാശമില്ല. ഇന്ന് രണ്ടിനും മൂന്നിനും ഇടയിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. നാലിന് സ്ക്രൂട്ടിണി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. നാളെ വിപുലമായ സംസ്ഥാന പ്രതിനിധി സമ്മേളനം വിളിച്ചിട്ടുണ്ട് – കെ. സുരേന്ദ്രന് വ്യക്തമാക്കി.