കർണാടകയിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു
Sunday, March 23, 2025 2:01 PM IST
ബംഗുളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്.
ചിത്രഗുർഗ എസ്ജെഎം നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്രദുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷന്‍ സമീപത്തു വച്ച് ഇവർ സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇരുവർക്കും ഒപ്പമുണ്ടായിരുന്ന നബീൽ എന്ന വിദ്യാര്‍ഥിയെ പരിക്കുകളോടെ ബംഗളൂരൂവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.