ബിജെപി സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം ഇന്ന്
Sunday, March 23, 2025 5:49 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിർദ്ദേശപത്രിക സമർപ്പണം ഇന്ന് നടക്കും. വൈകുന്നേരം മൂന്നു വരെ നാമനിർദേശ പത്രിക സമർപ്പിക്കാമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം 24നെ നടത്തൂ.
പത്രികാ സമർപ്പണത്തിനു മുന്നോടിയായി തിരുവനന്തപുരത്ത് കോർകമ്മിറ്റി യോഗം ചേരും. ഒറ്റപ്പേര് മാത്രമാകും ദേശീയനേതാക്കൾ കോർ കമ്മിറ്റിയിൽ മുന്നോട്ടുവെക്കുക എന്നാണ് സൂചന. തുടർന്ന് തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും.
ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗ്,കേന്ദ്ര വരണാധികാരി പ്രഹ്ലാദ് ജോഷി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. താഴെത്തട്ട് മുതൽ പുനഃസംഘടിപ്പിച്ചാണ് സംസ്ഥാന അധ്യക്ഷനിലേക്ക് പാർട്ടി തെരഞ്ഞെടുപ്പിലേക്ക് എത്തുന്നത്.
ഐക്യകണ്ഠേന തീരുമാനമെടുക്കുമെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയം ഉറപ്പാക്കാൻ സാധിക്കുന്നയാളായിരിക്കും സംസ്ഥാന അധ്യക്ഷനായി വരികയെന്നും പി.കെ. കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു.