"ഒടുവിൽ നമ്മൾ ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്നു'; തരൂരിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബിജെപി നേതാവ്
Saturday, March 22, 2025 2:46 PM IST
ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരിനൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ട എംപി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു.
"നമ്മൾ ഒടുവിൽ ഒരേ ദിശയിലേക്കാണു സഞ്ചരിക്കുന്നതെന്നു ഞാൻ പറഞ്ഞതിനാൽ എന്റെ സുഹൃത്തും സഹയാത്രികനും എന്നെ വികൃതിയെന്നു വിളിച്ചു' എന്ന അടിക്കുറിപ്പോടെയാണു ചിത്രം പോസ്റ്റ് ചെയ്തത്.
തൊട്ടുപിന്നാലെ തരൂരിന്റെ പ്രതികരണവും എത്തി. "ഭുവനേശ്വറിൽനിന്നുള്ള ഒരു സഹയാത്രികൻ! നാളെ രാവിലെ ഞാൻ കലിംഗ ലിറ്റ്ഫെസ്റ്റിനെ അഭിസംബോധന ചെയ്യുന്നു, ഉടനെ തിരിച്ചെത്തും!!.
ചിത്രം വൈറലായതോടെ പലരും കമന്റുകളുമായി രംഗത്തെത്തി. രാഷ്ട്രീയഎതിരാളിയായ ബിജെപിയോടുള്ള നിഷ്പക്ഷ നിലപാടുകളുടെ പേരിൽ തരൂർ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.