മുണ്ടക്കയം നഗരത്തിൽ പുലി ഇറങ്ങി; തെരച്ചിൽ തുടരുന്നു
Saturday, March 22, 2025 2:30 PM IST
മുണ്ടക്കയം: മുണ്ടക്കയം നഗരത്തിൽ പുലി ഇറങ്ങി. കടുത്ത ആശങ്കയിൽ ജനങ്ങൾ. ഇന്നു പുലർച്ചെ മുണ്ടക്കയം പൈങ്ങണയിൽ വൈഡബ്ല്യുസിഎ സ്കൂളിനു സമീപമാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്.
പുലി ദേശീയപാതമുറിച്ചു കടന്നുപോകുന്നതാണു കണ്ടത്. ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ഇതിന്റെ ശബ്ദം കേട്ട് ഉണർന്നവരാണ് പുലി സമീപത്തെ വ്യാപാര സ്ഥാപനത്തിനു മുമ്പിലൂടെ കടന്നുപോകുന്നതായി കണ്ടത്.
ഇവിടെ പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് പാലൂർക്കാവിനു സമീപം പുലിയുടെ ആക്രമണത്തിൽ നായയ്ക്കു പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം കൊടുകുത്തിക്കു സമീപവും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് മുണ്ടക്കയം ടൗണിനോട് ചേർന്നു പുലിയെ കണ്ടത്. പുള്ളിപ്പുലിയോ സമാനമായ ജീവികളോ ആകാനാണ് സാധ്യത എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പോലീസും വനംവകുപ്പും നാട്ടുകാരും മേഖലയിൽ തെരച്ചിൽ തുടരുകയാണ്.