ഷാബാ ഷെരീഫ് വധക്കേസ്; ഒന്നാംപ്രതി ഷൈബിന് 13 വര്‍ഷവും ഒമ്പത് മാസവും തടവുശിക്ഷ
Saturday, March 22, 2025 1:35 PM IST
മലപ്പുറം: ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ഷൈബിന് അഷ്റഫിന് 13 വര്‍ഷവും ഒമ്പത് മാസവും തടവുശിക്ഷ വിധിച്ചു. 2,30000 രൂപ പിഴയും ഒടുക്കണം. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
രണ്ടാം പ്രതി വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഷിഹാബുദ്ദീന് എട്ട് വര്‍ഷവും ഒമ്പത് മാസവും തടവുശിക്ഷ വിധിച്ചു. 15000 രൂപ പിഴയും ഒടുക്കണം. ആറാംപ്രതി ഷൈബിന്റെ ഡ്രൈവര്‍ നിഷാദിന് അഞ്ച് വര്‍ഷവും ഒമ്പത് മാസവും തടവുശിക്ഷ വിധിച്ചു. 15000 രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു.
കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മറ്റ് ഒന്‍പത് പ്രതികളെ വെറുതെവിട്ടു. മനഃപ്പൂർവമല്ലാത്ത നരഹത്യക്ക് പുറമെ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു.
മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളിൽ ഒന്നാണിത്.
2019 ആഗസ്റ്റിലാണ് സംഭവം. ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്റഫും കൂട്ടാളിയും വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം തടവില്‍ പാര്‍പ്പിച്ചു.
മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്താനായിരുന്നു ലക്ഷ്യം. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്‍ന്നു.
മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
ഈ സാഹചര്യത്തിൽ ഷാബാ ഷെരീഫിന്റെ തലമുടിയുടെ ഡിഎൻഎ പരിശോധന ഫലമാണ് കേസിൽ നിർണായകമായത്. ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും പ്രോസിക്യൂഷന് കേസിൽ പിടിവള്ളിയായി.