ബോക്സിംഗ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു
Saturday, March 22, 2025 10:00 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ബോക്സിംഗ് ഇതിഹാസം ജോർജ് ഫോർമാൻ(76) അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കുടുംബമാണ് മരണവിവരം പങ്കുവച്ചത്.
1968 ലെ മെക്സിക്കോ ഒളിംപിക്സില്‍ അമേരിക്കയ്ക്കായി സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. രണ്ടു വട്ടം ഹെവിവെയ്റ്റ് ലോകചാന്പ്യനുമായിരുന്നു അദ്ദേഹം.
ബോക്സിംഗ് റിംഗിൽ "ബിഗ് ജോര്‍ജ്' എന്നറിയപ്പെട്ട ഫോര്മാന് ഹെവിവെയ്റ്റ് കരിയറിലെ 81 മല്‍സരങ്ങളില്‍ 76 എണ്ണത്തിലും ജയം നേടിയിട്ടുണ്ട്. ജോര്‍ജിന്റെ പ്രഫഷണല്‍ കരിയറിലെ ആദ്യതോല്‍വി 1974ല്‍ മുഹമ്മദ് അലിക്കെതിരെയായിരുന്നു. ബോക്സിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.
ഇതിന് മുമ്പ് ഫോർമാൻ രണ്ടുതവണ കിരീടം വിജയകരമായി നിലനിർത്തിയിരുന്നു. 1949 ജനുവരി 10 ന് ടെക്സസിലെ മാർഷലിലായിരുന്നു ജനനം. 1997-ലായിരുന്നു ഫോർമാന്റെ അവസാന മത്സരം.