താമരശേരിയിൽ പോലീസിന്റെ പിടിയിലായ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെ; സ്കാനിംഗില്‍ വയറ്റിൽ എംഡിഎംഎ കണ്ടെത്തി
Saturday, March 22, 2025 8:31 AM IST
കോഴിക്കോട്: താമരശേരിയിൽ ഇന്നലെ പോലീസിന്റെ പിടിയിലായ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നടത്തിയ സ്കാനിംഗിലാണ് യുവാവിന്റെ വയറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്.
താമരശേരി സ്വദേശി ഫായിസ് ആണ് വെള്ളിയാഴ്ച പിടിയിലായത്. താമരശേരി അരയാറ്റു കുന്നിൽ ആണ് സംഭവം. ഇയാളെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കൈയിലുള്ള എംഡിഎംഎ എന്ന് സംശയിക്കുന്ന ലഹരി വസ്തു വിഴുങ്ങിയത്. എംഡിഎംഎ വിഴുങ്ങിയെന്ന് ഇയാൾ തന്നെയാണ് പോലീസിനോട് പറഞ്ഞത്.
നേരത്തെ താമരശേരിയിൽ എംഡിഎംഎ വിഴുങ്ങി യുവാവ് മരിച്ചിരുന്നു. ഷാനിദ് എന്ന യുവാവ് ആണ് മരണപ്പെട്ടത്. പോലീസിൽനിന്ന് രക്ഷപ്പെടാൻ രണ്ട് പാക്കറ്റ് എംഡിഎംഎ ഇയാൾ വിഴുങ്ങുകയായിരുന്നു. അമിത അളവിൽ മയക്കുമരുന്ന് ഉള്ളിൽച്ചെന്നാണ് ഇയാൾ മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.